jalakam

ജാലകം

Saturday, December 3, 2011

മുല്ലപ്പെരിയാര്‍ -- നമുക്ക് ചെയ്യാവുന്നത്

ഒരു ജന ലോക്പാല്‍ ബില്‍ , ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ , ഇപ്പൊ മുല്ലപെരിയാറും ... എരിവും പുളിയും ഉള്ള വിഷയങ്ങള്‍ക്ക്‌ ക്ഷാമം ഒട്ടുമില്ലല്ലോ നമ്മുടെ മാധ്യമങ്ങള്‍ക്ക്.... ഇവയുടെ ചുവടു പിടിച്ചു ഈ സോഷ്യല്‍ മീഡിയ യും സെന്സറേന്‍ ഉണ്ടാക്കാനുള്ള വാര്‍ത്തകള്‍ക്ക് പിറകെ ഓടുന്നു..ഓടി തളരുമ്പോള്‍ , ഈ വാര്‍ത്തകളുടെ ക്രൌഡ് പുള്ളിംഗ് നേച്ചര്‍ മാറുമ്പോള്‍ മറ്റൊരു വാര്‍ത്തയ്ക്കു പിന്നാലെ...ഇന്നും ഇന്നലെയും കണ്ടു തുടങ്ങിയടല്ലല്ലോ മാധ്യമ ധര്‍മം എന്നാ പേരിലുള്ള ഈ മുതലക്കണ്ണീര്‍ ഒഴുക്കല്‍....

ഇവിടെ മുല്ലപെരിയാറിന്റെ അപകടകരമായ അവസ്ഥയെ കുറിച്ച് വിലപിക്കുന്ന മാധ്യമങ്ങളുടെ തമിഴ്നാട് എഡിഷന്‍ ഇതിനു വിപരീതമായ പ്രചരണം നടത്തുമ്പോള്‍ എന്തിനു ജന പ്രതി നിധി കളെ മാത്രം കുറ്റപ്പെടുത്തണം...അവര്‍ നമ്മുടെ പ്രതിനിധികളല്ലേ? "ജനം എങ്ങനെയോ ..അത്രയേ ജനനായകരും നന്നാവു" എന്നൊരു ചൊല്ല് ഓര്‍ത്തു പോകുന്നു... നമ്മള്‍ അര്‍ഹിക്കുന്നതാണ് നമുക്ക് ലഭിക്കുന്നത്..പ്രതികരണ ശേഷി ഇല്ലാത്ത ഒരു സമൂഹത്തിന്റെ പ്രതിനിധികള്‍ മാത്രം വിചാരിച്ചാല്‍ എന്ത് നടക്കാനാണ്? അന്ധമായ പ്രാദേശിക വാദം സാക്ഷര പ്രബുധരെന്നു സ്വയം അഭിമാനിക്കുന്ന ഒരു ജനതയില്‍ കുത്തി വെക്കുന്നതാണോ ഉത്തമ മാധ്യമ ധര്‍മം? മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന് പറയുന്നവര്‍ ഏതു നാട്ടിലെ മനുഷ്യരുടെ ഒപ്പം നില്‍ക്കും? മുല്ലപ്പെരിയാറിന്റെ ശരിയായ അവസ്ഥ എന്തെന്ന് ആര്‍ക്കു പറഞ്ഞുതരാന്‍ കഴിയും?



മടിയനായ മലയാളി സമൃദ്ധമായി നീരാടിയും ശൌചം ചെയ്തും പ്രകൃതി കനിഞ്ഞു നല്‍കിയ ജല സമ്പത്ത് ധൂര്‍ത്തടിച്ച് ഒഴുക്കി കളയുകയും , പൊരി വെയിലില്‍ തന്റെ വിയര്‍പ്പു വീണു കുഴഞ്ഞ മണ്ണില്‍ തമിഴന്‍ വിളയിച്ച്ചെടുക്കുന്ന അരിയും പച്ചക്കറികളും വെട്ടി വിഴുങ്ങി മേല്‍ വായുവും കീഴ്വായുവും വിടുന്നതിനു പുറമേ ദുര മൂത്ത് അവകാശ സമരങ്ങളെന്ന്നും പറഞ്ഞു വികസനത്തിനു മുഖം തിരിഞ്ഞു നില്‍ക്കുമ്പോള്‍ , വെള്ളത്തിന്റെ വില അറിയുന്ന, നിറവും സൌന്ദര്യവും വിദ്യാഭ്യാസവും കുറഞ്ഞ പാവം തമിഴ്നാടുകാരന്‍ അവരുടെ വെള്ളം മുട്ടിക്കുമെന്ന മാധ്യമ പ്രചാരണങ്ങളെ വൈകാരികമായി എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് നാം കാണുന്നത്. അതെ സമയം മറുവശത്ത്താനെങ്കില്‍ , ഏതു സമയവും തങ്ങളെ കിടപ്പാടത്തോടെ ഒഴുക്കി കളയാന്‍ ശേഷിയുള്ള ജലബോംബ്നെ ഭയന്ന് ഉറക്കം നഷ്ട്ടപ്പെട്ട തദ്ദേശ വാസികളും. വികാരങ്ങളുടെ അളവുകോലില്‍ ഇതില്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തര്‍ക്കിച്ചു , ഒടുങ്ങാത്ത കേസുകളും പ്രഖ്യാപനങ്ങളും വ്യാഖ്യാനങ്ങളും ആഹ്വാനങ്ങലുമായി തങ്ങളുടെ "കച്ചവടം" മെച്ചമാക്കാന്‍ ഇറങ്ങിത്തിരിച്ച രാഷ്ട്രീയക്കാരും, മാധ്യമ പ്രവര്‍ത്തകരും.. ഈ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ ആരും കേള്‍ക്കാതെ പോകുന്ന സാധാരണക്കാരനായ തദ്ദേശവാസിയായ മലയാളിയുടെ ഭയച്ചകിതമായ ഹൃദയമിടിപ്പുകളും , ജലമില്ലാതെ ഊഷരമായിപ്പോയെക്ക്കാവുന്ന തന്റെ വിളകളെ ഓര്‍ത്തു വിലപിക്കുന്ന പാവം തമിഴന്റെ തപ്ത നിശ്വാസങ്ങളും..... ശരി ഇതില്‍ എവിടെയോ ആണ്..അല്ലെങ്കില്‍ ഇത് രണ്ടുമാണ്..



ഇവരുടെ ആശങ്കകള്‍ അകറ്റാന്‍ ആര്‍ക്കു കഴിയും? അതാണ്‌, അല്ലെങ്കില്‍ അത് മാത്രമാണ് ജന മനസുകളിലെ "മുല്ലപ്പെരിയാര്‍ എഫെക്ടിനുള്ള" മറുമരുന്നു. സെന്‍സേഷന്‍ സൃഷ്ട്ടിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചു മാധ്യമങ്ങളും രാഷ്ട്രീയ മുതലെടുപ്പുകാരും പാകിയ വിദ്വേഷത്തിന്റെ യും പകയുടെയും വിത്തുകള്‍ അയാള്‍ സംസ്ഥാനങ്ങളിലെ ജനമനസുകളില്‍ വിതച്ചു മുളപൊട്ടുന്നതിനു മുന്‍പ്....സമയമേറെ വൈകും മുന്‍പ് ഇത് തിരിച്ചറിയാന്‍ നമ്മള്‍ തയ്യാറാകുമോ?