jalakam

ജാലകം

Tuesday, June 7, 2011

ഓര്‍മ്മകളിലെ മധുരമഴ

മുറ്റത്ത്‌ കാലവര്‍ഷം തിമിര്‍ക്കുന്നു .ഒരു കൊഴുപ്പിനു കിടിലന്‍ ഇടിമിന്നലും .ഒരുപാട് കാലത്തിനു ശേഷമാണു ഞാന്‍ കാലവര്‍ഷം നേരിട്ട് കാണുന്നത് .ജിതിനിന്റെ വീട്ടില്‍ നിന്ന് കപ്പയും മീനും ചമ്മന്തിയും കഴിച്ചു വയറു നിറഞ്ഞു ഇരിക്കുമ്പോള്‍ അകലങ്ങളില്‍ ഇടിമിന്നല്‍ മുരളാന്‍ തുടങ്ങി .മാനം ഇരുണ്ടു തുടങ്ങി.ഒടുവില്‍ ചോറ് കഴിഞ്ഞു വരാന്തയില്‍ ഇരിക്കുമ്പോള്‍ നീണ്ട ഒരു ആരവത്തിനോടുവില്‍ മഴയെത്തി .മഴ നോക്കി നിന്ന് മനസുനിറഞ്ഞു.ഒരു മിന്നലിന്റെ ഫ്ലാഷില്‍ ഓര്‍മ്മകള്‍ ബാക്കിലേക്ക്‌ .
ഞാന്‍ പഠിച്ച ചേലക്കാട് എല്‍ പി സ്കൂളില്‍ കുറച്ചു ഭാഗം ഓല മേഞ്ഞതായിരുന്നു.മഴ കനക്കുമ്പോള്‍ ചോര്‍ച്ചയും പതിവായിരുന്നു.ഓടു പാകിയ മേല്‍ക്കൂരയുള്ള ഇടമാനെങ്കിലും പ്രത്യേകിച്ച് ഗുണമൊന്നുമില്ല.ചുവരുകള്‍ ഒന്നും ഇല്ലാത്ത കെട്ടിടമായിരുന്നതുകൊണ്ട് കാറ്റിനു മഴയെ ക്ലാസ്സിലേക്ക് കൊണ്ടുവരാന്‍ പ്രയാസമുണ്ടായിരുന്നില്ല.അതുകൊണ്ട് ആകാശത്തില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി സൂര്യനെ മൂടിക്കെട്ടി ശ്വാസം മുട്ടിക്കുന്ന മധ്യാഹ്നങ്ങളില്‍ "ലോങ്ങ്‌ ബെല്‍ " അടിച്ചു ക്ലാസ്സ്‌ വിടുന്നതായിരുന്നു പതിവ്.

മിക്കവാറും നടന്നു വീട്ടിലെതുന്നതിനുമുന്പു മഴ പെയ്യും.നാട്ടുവഴികളിലെ ഒഴുക്ക് വെള്ളത്തിലും കുഞ്ഞു കുഴികളില്‍ കെട്ടിനില്‍ക്കുന്ന അഴുക്കു വെള്ളത്തിലും കളിച്ച് (കുളിച്ച് !!!), നോട്ടുപുസ്തകത്തില്‍ നിന്ന് കടലാസ്സ്‌ പറിച്ചെടുത്തു തോണിയുണ്ടാക്കി ഒഴുക്കിയും, ഒരുകാല്‍ കൊണ്ട് ഉയര്‍ത്തിയ വെള്ളം മറുകാല്‍ കൊണ്ട് ചവിട്ടി തെറിപ്പിക്കുംബോഴുള്ള പടക്കം പോട്ടുന്നപോലുള്ള ശബ്ദമുണ്ടാക്കി മത്സരിച്ചും , നനഞ്ഞ കുട വട്ടം കറക്കി പരസ്പരം വെള്ളം തെറിപ്പിച്ചും, ഇടിമിന്നല്‍ വരുമ്പോള്‍ ഒന്നിച്ചു കൂകി വിളിച്ചു ധൈര്യം(?) ഉണ്ടാക്കിയും ,പിന്നെ നനഞ്ഞു കുതിര്‍ന്നു വീട്ടിലെത്തുമ്പോള്‍ അമ്മ ചീത്ത പറയുന്നതും, ചെളി പുരണ്ട കുപ്പായം കണ്ടു കലിപൂണ്ട് ഓടിച്ചുപിടിച്ചു മുറ്റത്തെ ചെമ്പരത്തി കമ്പൊടിച്ചു തല്ലനോങ്ങുന്നതും അച്ഛമ്മ ഇടയില്‍ കേറി "രക്ഷിക്കുന്നതും" ഓര്‍ത്തുപോകുന്നു.

പിന്നീട് നരിപ്പറ്റ യു പി സ്കൂളില്‍ പഠിക്കുമ്പോള്‍ വേണു മാഷിന്റെ ക്ലാസ്സില്‍ ഒരു കാലവര്‍ഷ നാളില്‍ ഇടിമിന്നല്‍ കണ്ടു പേടിച്ച ഞങ്ങള്‍ കാലെടുത്തു ബെഞ്ചില്‍ വെച്ചപ്പോള്‍ മാഷ്‌ കളിയാക്കിയതും അവിചാരിതമായി മറ്റൊരു ഗമണ്ടന്‍ മിന്നലും കാതടപ്പിക്കുന്ന ഇടി ശബ്ദവും വന്നപ്പോള്‍ മാഷ്‌ ചാടി മേശമേല്‍ ഇരുന്നു വിളറിയ ഒരു ചിരി ചിരിച്ചതും ഓര്‍മ്മകളില്‍ ഇന്നും ചിരിമഴ പെയ്യിക്കുന്നു.

രാമര്‍ നമ്പ്യാര്‍ മെമ്മോറിയല്‍ എന്ന ഞങ്ങളുടെ ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് മഴയും പുഴയുമൊക്കെ രചനാമാത്സരങ്ങളില്‍ വിഷയങ്ങളായി വന്നതും മഴയ്ക്ക്‌ ഭാവനയുടെ മേഖലകളില്‍ മറ്റൊരു തലം കൂടിയുണ്ടെന്ന് മനസിലാക്കുന്നതും.ശ്രുതിയെന്ന,സംസ്ഥാന യുവജനോത്സവത്തില്‍ കഥാരചനയ്ക്ക് സമ്മാനം വാങ്ങിയ മിടുക്കിയെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബിന്സിലാലെന്ന സഹപാഠിയുടെ കവിതകള്‍ക്ക് വിമര്‍ശനമെഴുതി നടന്ന ഭ്രാന്തന്‍ നാളുകള്‍....ഓര്‍മ്മകള്‍ ..കാലവര്‍ഷത്തിന്റെ മഴത്തുള്ളികള്‍ പോലെ മനസ്സിന്‍റെ ചില്ലുജാലകത്തില്‍ പറ്റിനില്‍ക്കുന്നു.കാലമെത്ര കഴിഞ്ഞാലും വീണ്ടുമൊരു ഇടവപ്പാതിയിലെ അമൃതവര്‍ഷനാളില്‍ ഒരു മിന്നല്‍ക്കൊടിയില്‍ വര്‍ണ്ണാഭമായി തെളിയുന്നു ഒളിമങ്ങാതെ ഓര്‍മ്മകളുടെ മഴവില്ല്......

ഇപ്പോള്‍ മഴ തോര്‍ന്നു. പുറത്തു കുട്ടികളുടെ കലപില ശബ്ദവുമായി സ്കൂള്‍ ബസുകള്‍ പോകുന്നു.ചലിക്കുന്ന ഇത്തരം ചില്ലുകൂട്ടിലിരുന്നു മഴകാണുന്ന ഇവരുടെയൊക്കെ ഭാവനകളിലെ മഴ എങ്ങനെയിരിക്കും !!!!
നിറഞ്ഞൊഴുകുന്ന തോടുകളില്‍ മീന്‍ പിടിച്ചും, വെള്ളം നിറഞ്ഞു കവിയുന്ന വയല്‍ വരമ്പുകളില്‍ അഭ്യാസം കാട്ടിയും ,വെള്ളം കുത്തിയൊഴുകുന്ന നാട്ടു വഴികളില്‍ കല്ലും മണ്ണും ഇലകളും കമ്പുകളും തടയണകള്‍ കെട്ടിയും അവിടെ വരുന്ന കുഞ്ഞു പരല്‍മീനുകളെ പിടിച്ചു ചോറ് കൊണ്ടുപോകുന്ന പാത്രത്തില്‍ കൊണ്ട് വന്നു വീട്ടിലെ കിണറില്‍ വളര്‍ത്തിയും , നീണ്ടു പരന്ന കല്ലുകള്‍ ചെരിച്ചു വെച്ച് വെള്ളച്ചാട്ടം ഉണ്ടാക്കിയും മഴക്കാലം ഒരു ഉത്സവമാക്കി ഞങ്ങള്‍ നടന്നു പോയിരുന്ന വഴികളില്‍ ഇപ്പോഴും കാണുമായിരിക്കും നനഞ്ഞ ഓര്‍മ്മകളുമായി കടലാസുതോണികള്‍..

No comments:

Post a Comment